1. Home
  2. സമൂഹ മാർഗ്ഗനിർദ്ദേശങ്ങൾ

സമൂഹ മാർഗ്ഗനിർദ്ദേശങ്ങൾ

നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ നേരിട്ട് നിങ്ങളുടെ സ്‌മാർട്ട്ഫോണിൽ പകർത്തി പങ്കിടാൻ TikTok നിങ്ങളെ പ്രാപ്‌തരാക്കുന്നു. ഹ്രസ്വ വീഡിയോകൾ മുഖേന നിങ്ങളുടെ സർഗ്ഗപരമായ ആശയങ്ങൾ ആവിഷ്‌ക്കരിക്കുന്നതിലൂടെ ആഗോള TikTok കമ്മ്യൂണിറ്റിയുടെ ഭാഗമായിത്തീരുക, ഇത് വ്യത്യസ്‌തതകൾ ആവിഷ്‌ക്കരിച്ചു കൊണ്ട് പൊതുവായ ഒരു ഭൂമിക  കണ്ടെത്താൻ സഹായിക്കുന്നു.

സമയാസമയങ്ങളിൽ ഞങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന TikTok കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, സുരക്ഷിതവും സൗഹാർദ്ദപരവുമായ അന്തരീക്ഷം നിലനിർത്താനുള്ള ഒരു പ്രധാന പെരുമാറ്റച്ചട്ടമാണ്. മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം നിങ്ങളുടെ അക്കൗണ്ട് ഒപ്പം/അല്ലെങ്കിൽ ഉള്ളടക്കം നീക്കംചെയ്യുന്നതിലേക്ക് നയിച്ചേക്കാം. അതിനുപുറമെ, ഉപയോക്താക്കൾ പ്രാദേശിക നിയമങ്ങളും അനുസരിക്കേണ്ടതുണ്ട്. ബാധകമായ നിയമം അനുശാസിക്കും പ്രകാരം ഉള്ളടക്കം നിരീക്ഷിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ടുചെയ്യാനുമുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്‌തമാണ്.

കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും വേണ്ടി വിശ്വാസ്യതയും ആദരവും ഒരു ശുഭകരമായ അന്തരീക്ഷവും പരിപോഷിപ്പിക്കുന്നതിനാണ് ഞങ്ങളുടെ നയങ്ങളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും നിലകൊള്ളുന്നത്.

ലളിതമായി പറഞ്ഞാൽ, ഇവയുൾപ്പെടെ ഇനിപ്പറയുന്ന കാര്യങ്ങളൊന്നും തന്നെ പോസ്റ്റ് ചെയ്യാനോ പങ്കിടാനോ പ്രോത്സാഹിപ്പിക്കാനോ ഉള്ള ഒരിടമല്ല TikTok:

ഹാനികരമോ അപകടകരമോ ആയ ഉള്ളടക്കം

നിങ്ങൾ TikTok ഉപയോഗിക്കുമ്പോൾ, ഒരു ഗ്ലോബൽ കമ്മ്യൂണിറ്റിയിലെ അംഗമായി മാറുകയാണ്. മറ്റ് ഉപയോക്താക്കൾക്ക് ഹാനികരമാകുന്നതോ സ്വയം ഹനിക്കാൻ അവരെ പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്ഇതിൽ ശാരീരികമായോ വൈകാരികമായോ സാമ്പത്തികമായോ നിയമപരമായോ ഹാനികരമാകുന്ന കാര്യങ്ങളെല്ലാം ഉൾപ്പെടുന്നു.

  • തീവ്രവാദ സംഘടനകളും കുറ്റകൃത്യ പശ്ചാത്തലമുള്ള മറ്റേതെങ്കിലും സംഘടനകളും TikTok ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. സംഘടനകളെയോ വ്യക്തികളെയോ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്‌ക്കാനും TikTok ഉപയോഗിക്കരുത്.
  • അപകടകരമായ പ്രവർത്തനങ്ങളോ സ്വയം പരുക്കേൽപ്പിക്കുന്നതോ ആത്മഹത്യ ചെയ്യുന്നതോ ആയ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മറ്റ് ആളുകളെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും ഉള്ളടക്കം നൽകുകയോ ചെയ്യരുത്.
  • അസ്വഭാവിക ഭക്ഷണ രീതി ചിത്രീകരിക്കുന്നതോ  പ്രേരിപ്പിക്കുന്നതോ അതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതോ ആയ ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്.
  • ഒരു നിശ്ചിത വ്യക്തിയെ ശാരീരികമായി ആക്രമിക്കുമെന്ന ഭീഷണികൾ ഉൾപ്പെടെ, മറ്റ് ആളുകളെ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.
  • ആയുധങ്ങളോ ബോംബുകളോ ലഹരിമരുന്നുകളോ അല്ലെങ്കിൽ പ്രാദേശിക നിയമം നിരോധിച്ചിട്ടുള്ള മറ്റേതെങ്കിലും നിയന്ത്രിത വസ്‌തുക്കളോ വിൽക്കാനോ ഉപയോഗിക്കാൻ പ്രേരിപിക്കാനോ  TikTok ഉപയോഗിക്കരുത്.
  • ഓൺലൈൻ ചൂതാട്ടമോ മറ്റ് സാമ്പത്തിക പദ്ധതികളോ പ്രോത്സാഹിപ്പിക്കാനോ പ്രചരിപ്പിക്കാനോ TikTok ഉപയോഗിക്കരുത്.
  • നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ അടങ്ങുന്ന ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്.

ഗ്രാഫിക്ക് അല്ലെങ്കിൽ ഞെട്ടിപ്പിക്കുന്ന ഉള്ളടക്കം

ഗ്രാഫിക്കായതോ അക്രമമുള്ളതോ ഞെട്ടിപ്പിക്കുന്നതോ പ്രക്ഷോഭകരമായതോ ആയ ഉള്ളടക്കങ്ങൾക്കുള്ള ഇടമല്ല TikTok. ഉള്ളടക്കം നിങ്ങളുടെ രക്ഷിതാക്കളെയോ കുട്ടികളെയോ  കാണിക്കാൻ പാടില്ലാത്തതാണെങ്കിൽ, അത് ഇവിടെ പോസ്റ്റ് ചെയ്യരുത്.

  • അക്രമമുള്ളതോ ഗ്രാഫിക്കായതോ ഞെട്ടിപ്പിക്കുന്നതോ പ്രക്ഷോഭകരമായതോ ആയ ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്, അല്ലെങ്കിൽ അക്രമത്തിലേർപ്പെടാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഉള്ളടക്കമൊന്നും നൽകരുത്.
  • വിവേചനം അല്ലെങ്കിൽ വിദ്വേഷ ഭാഷണം

TikTok എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റിയാണ്. മറ്റ് ഉപയോക്താക്കളെ ആക്രമിക്കുകയോ അവർക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഇവിടെ സ്വീകാര്യമല്ല.

  • ഒരു കൂട്ടം ആളുകൾക്കെതിരെ അവരുടെ വംശം, വർഗ്ഗം, മതം, ദേശീയത, സംസ്‌കാരം, വൈകല്യം, ലൈംഗികാഭിമുഖ്യം, ലിംഗഭേദം, ലിംഗവ്യക്തിത്വം, പ്രായം അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവേചനം അടിസ്ഥാനമാക്കി വിദ്വേഷത്തിന് പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്.
  • ആക്ഷേപിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ പ്രസ്‌താവനകൾ ഉൾപ്പെടെ, ശത്രുത ജനിപ്പിക്കാനിടയുള്ള ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്.

നഗ്‌നത അല്ലെങ്കിൽ ലൈംഗിക പ്രവർത്തനം

ഞങ്ങളുടെ കമ്മ്യൂണിറ്റി ലൈംഗികത പ്രദർശിപ്പിക്കുന്ന ഉള്ളടക്കത്തിനോ ലൈംഗിക സംതൃപ്‌തി ലക്ഷ്യമിട്ടുള്ള ഉള്ളടക്കത്തിനോ ഉള്ള ഇടമല്ല. നിങ്ങൾ പൊതു ഇടത്തിൽ പ്രദർശിപ്പിക്കാത്ത എന്തെങ്കിലുമാണ് അതെങ്കിൽ, അത് ഇവിടെ പോസ്റ്റ് ചെയ്യരുത്.

  • ബലാത്സംഗം, ലൈംഗിക അധിക്ഷേപം, ലൈംഗിക ചൂഷണം അല്ലെങ്കിൽ ലൈംഗിക അക്രമം അടങ്ങുന്നതോ പ്രചരിപ്പിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ എല്ലാ ഉള്ളടക്കങ്ങളും TikTok കർശനമായി നിരോധിക്കുന്നു. അത്തരം ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യരുത്.
  • പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കമോ ലൈംഗിക ഉള്ളടക്കമോ നഗ്‌നതയോ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്.
  • വ്യഭിചാരവുമായോ പ്രലോഭനവുമായോ മറ്റെന്തെങ്കിലും തരത്തിലുള്ള ലൈംഗിക വ്യാപാരങ്ങളുമായോ ബന്ധപ്പെട്ട ഉള്ളടക്കം നൽകരുത്.

കുട്ടികളുടെ സുരക്ഷ ലംഘിക്കൽ

TikTok കുട്ടികളുടെ സുരക്ഷയെ അങ്ങേയറ്റം ഗൗരവമായി കാണുന്നു. കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്നതോ ലക്ഷ്യമിടുന്നതോ അപകടപ്പെടുത്തുന്നതോ ആയ ഉള്ളടക്കം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പക്ഷം, ഉചിതമാകുന്നതുപോലെ ഞങ്ങൾ അത് നിയമ നിർവ്വഹണ സ്ഥാപനങ്ങളെ അറിയിക്കാനോ കേസുകൾ റിപ്പോർട്ടു ചെയ്യാനോ സാദ്ധ്യതയുണ്ട്.

  • പ്രായപൂർത്തിയാകാത്തവരെ പ്രദർശിപ്പിക്കുന്ന ലൈംഗിക ചൂഷണ ഉള്ളടക്കമോ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളോ എല്ലാം TikTok കർശനമായി നിരോധിക്കുന്നു. അത്തരം ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യരുത്.
  • നഗ്‌നതയോ ലൈംഗിക സൂചക പ്രവർത്തനങ്ങളോ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന മനഃപൂർവ്വമല്ലാത്ത പ്രകോപനപരമായ ഉള്ളടക്കമോ അടങ്ങുന്ന വീഡിയോകൾ, പ്രതീക്ഷിക്കാത്ത രീതികളിൽ മറ്റുള്ളവർ ഉപയോഗിക്കാനിടയുള്ളതിനാൽ അത്തരം വീഡിയോകളിലേക്കുള്ള ആക്‌സസ് TikTok നീക്കംചെയ്യാനോ പരിമിതപ്പെടുത്താനോ സാദ്ധ്യതയുണ്ട്.
  • പ്രായപൂർത്തിയാകാത്തവരുമായുള്ള ഓൺലൈൻ ഡേറ്റിംഗുമായോ പ്രതിഫലം നൽകിയുള്ള ഡേറ്റിംഗുമായോ പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമായോ ബന്ധപ്പെട്ട ഉള്ളടക്കങ്ങളോ, പ്രായപൂർത്തിയാകാത്തവരുടെ ശാരീരിക, മാനസികാരോഗ്യത്തെ അപകടപ്പെടുത്തുന്ന മറ്റേതെങ്കിലും ഉള്ളടക്കമോ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്.
  • പൊതു പോസ്റ്റുകളോ സ്വകാര്യ സന്ദേശങ്ങളോ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ ശല്യപ്പെടുത്തരുത്.
  • നിങ്ങളുടെ പ്രായം 13 വയസ്സിൽ കുറവാണെങ്കിലോ, സേവന നിബന്ധനകളിൽ പ്രത്യേകമായി നിർദ്ദേശിച്ചിട്ടുള്ള രാജ്യത്തെയോ പ്രദേശത്തെയോ ഏറ്റവും കുറഞ്ഞ പ്രായത്തിലും കുറവാണെങ്കിലോ ഈ ആപ്പ് ഉപയോഗിക്കരുത്.
  • ഉപദ്രവിക്കൽ അല്ലെങ്കിൽ സൈബർ ഭീഷണി

ഞങ്ങളുടെ ഉപയോക്താക്കൾക്കായി ഒരു സന്തോഷപ്രദമായ അന്തരീക്ഷവും ചൂഷണരഹിതമായ അനുഭവവും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. നിങ്ങളുടെ ഇടപെടലുകളിൽ മര്യാദ പുലർത്തുകയും എല്ലാ ഉപയോക്താക്കളെയും ബഹുമാനത്തോടെ പരിഗണിക്കുകയും ചെയ്യുക.

  • പൊതു പോസ്റ്റുകളോ ഒപ്പം/അല്ലെങ്കിൽ സ്വകാര്യ സന്ദേശങ്ങളോ ഉപയോഗിച്ച് മറ്റ് ആളുകളെ ശല്യപ്പെടുത്തരുത്.
  • മറ്റുള്ളവരെ വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിലാസവും ഫോൺ നമ്പറും ഇമെയിൽ വിലാസവും ID നമ്പറും ക്രെഡിറ്റ് കാർഡ് നമ്പറും പോലുള്ള വിവരങ്ങൾ വെളിപ്പെടുത്തരുത്.
  • മറ്റ് ആളുകളെ മനഃപൂർവ്വം ഇടിച്ചുതാഴ്‌ത്തുകയോ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ അങ്ങനെ ചെയ്യാൻ മറ്റ് ഉപയോക്താക്കളെ പ്രേരിപ്പിക്കുകയോ ചെയ്യരുത്.

ആൾമാറാട്ടം, സ്‌പാം അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന മറ്റ് ഉള്ളടക്കം

ഞങ്ങളുടെ കമ്മ്യൂണിറ്റി ഉയർന്ന നിലവാരമുള്ള ആകർഷകമായ ഉള്ളടക്കത്തെ വിലമതിക്കുന്നു. സ്‌പാമായതോ വ്യാജമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കമോ പെരുമാറ്റരീതിയോ നീക്കംചെയ്യപ്പെടുന്നതാണ്.

  • വ്യാജ ഐഡന്റിറ്റികൾ സൃഷ്‌ടിക്കുന്നതിലൂടെ മറ്റൊരു വ്യക്തിയെയോ സ്ഥാപനത്തെയോ അനുകരിക്കുകയോ, മറ്റൊരു വ്യക്തിയുമായോ സ്ഥാപനവുമായോ വാസ്‌തവത്തിൽ നിങ്ങൾക്ക് ഇല്ലാത്ത ബന്ധം ഉണ്ടെന്ന് വിശ്വസിപ്പിക്കാൻ മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയോ, പണമുണ്ടാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പോസ്റ്റുചെയ്യുകയോ അരുത്.
  • അഭിപ്രായങ്ങൾ വ്യാപാരം ചെയ്യുന്നതോ, അഭിപ്രായങ്ങൾ എഴുതാനോ ആവർത്തിക്കുന്ന ഉള്ളടക്കം പങ്കിടാനോ ചെയിൻ ലെറ്ററുകൾ അയയ്‌ക്കാനോ മറ്റുള്ളവരെ വാടകയ്‌ക്കെടുക്കുന്നതോ നിങ്ങൾ വാടകയ്‌ക്ക് എടുക്കപ്പെടുന്നതോ, കാഴ്‌ചകളോ ലൈക്കുകളോ അഭിപ്രായങ്ങളോ പ്രോത്സാഹിപ്പിക്കാൻ കൃത്രിമ വിവരങ്ങൾ ഉപയോഗിക്കുന്നതോ പോലുള്ള, ഏതെങ്കിലും മാർഗ്ഗങ്ങളുപയോഗിച്ച് വ്യാജ ട്രാഫിക്ക് സൃഷ്‌ടിക്കരുത്.

ബൗദ്ധിക സ്വത്തവകാശ, തൊഴിലിട ഉള്ളടക്കം

തനതായതും മൗലികവുമായ സർഗ്ഗാത്മകതയ്‌ക്കും ആവിഷ്‌ക്കാരത്തിനും ഉള്ള ഒരിടമാണ് TikTok.

  • മറ്റൊരാളുടെ പകർപ്പവകാശങ്ങളോ വ്യാപാരമുദ്രകളോ മറ്റ് ബൗദ്ധികസ്വത്തവകാശങ്ങളോ ലംഘിക്കുന്ന ഉള്ളടക്കങ്ങളൊന്നും പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ അയയ്‌ക്കുകയോ ചെയ്യരുത്.
  • മറ്റൊരു ജീവനക്കാരന്റെ ആഭ്യന്തര നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കമോ വിവരമോ പോസ്റ്റ് ചെയ്യരുത്.

മറ്റ് ക്ഷുദ്രപ്രവർത്തനങ്ങൾ

മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഉള്ളടക്കത്തിനും പെരുമാറ്റരീതിയ്‌ക്കും പുറമേ, TikTok സേവനത്തെ ദുർബ്ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളെയും ഞങ്ങളുടെ നയങ്ങൾ നിരോധിക്കുന്നുണ്ട്.

  • TikTok-ന്റെ ദൈനംദിന പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ അതിന്റെ വെബ്‌സൈറ്റോ ബന്ധപ്പെട്ട നെറ്റ്‌വർക്കുകളോ ഹാക്ക് ചെയ്യുകയോ ഉപയോക്താക്കളുടെ ആക്‌സസ് നിയന്ത്രിക്കാനുള്ള ഇതിന്റെ മാനദണ്ഡങ്ങളെ ബൈപ്പാസ് ചെയ്യുകയോ അരുത്.
  • വൈറസുകളോ ട്രോജനുകളോ വേമുകളോ ലോജിക് ബോംബുകളോ അല്ലെങ്കിൽ ക്ഷുദ്രകരമായോ സാങ്കേതികപരമായോ ഹാനികരമായ മറ്റേതെങ്കിലും വസ്‌തുക്കളോ അടങ്ങുന്ന ഫയലുകൾ വിതരണം ചെയ്യരുത്.
  • TikTok പരിഷ്‌ക്കരിക്കുകയോ അനുരൂപമാക്കുകയോ വിവർത്തനം ചെയ്യുകയോ റിവേഴ്‌സ് എഞ്ചിനീയർ ചെയ്യുകയോ ഡീകംപെയിൽ ചെയ്യുകയോ വേർപെടുത്തുകയോ അത് അടിസ്ഥാനമാക്കി ഏതെങ്കിലും ഫയലുകളോ പട്ടികകളോ ഡോക്യുമെന്റേഷനോ ഉൾപ്പെടെ ഏതെങ്കിലും വ്യുൽപ്പന്നങ്ങൾ സൃഷ്‌ടിക്കുകയോ ചെയ്യരുത്, TikTok- ഉൾക്കൊള്ളുന്ന ഏതെങ്കിലും സോഴ്‌സ് കോഡിനായോ അൽഗോരിതങ്ങൾക്കായോ രീതികൾക്കായോ ടെക്‌നിക്കുകൾക്കായോ ശ്രമിക്കുകയോ പുനഃസൃഷ്‌ടിക്കുകയോ ചെയ്യരുത്.
  • TikTok- നിന്നും വിവരം ശേഖരിക്കാൻ ഓട്ടോമേറ്റ് ചെയ്‌ത സ്‌ക്രിപ്റ്റുകൾ ഉപയോഗിക്കരുത്.

മികച്ച കമ്മ്യൂണിറ്റി അംഗങ്ങളായി തുടരുന്നതിനും എല്ലാ ഉപയോക്താക്കൾക്കും സുരക്ഷിതവും ആസ്വാദ്യവുമായ ഒരിടമാക്കി നിലനിർത്താനുള്ള നിങ്ങളുടെ പങ്ക് നിർവ്വഹിക്കുന്നതിനും നന്ദി. ഏതെങ്കിലും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്ന ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടാൽ, അത് അവലോകനം ചെയ്‌ത് ഉചിതമായ നടപടി കൈക്കൊള്ളുന്നതിനായി ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക. നിങ്ങൾക്ക് കൂടുതൽ ആശങ്കകളുണ്ടെങ്കിൽ, privacy@tiktok.com എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.

Updated on ഏപ്രിൽ 16, 2019

Was this article helpful?